
ഗുരുവായൂർ അമ്പലത്തിൽ മൂന്നു നേരം തൊഴണം എന്ന് എന്റെ കളത്രത്തിന് മോഹം. തഥാസ്തു എന്ന് ഞാൻ പ്രതിവചിച്ചു. എന്റെ ഉള്ളിൽ ചെറിയൊരു ശങ്കയുണ്ടായി, ഈ മകരമാസത്തിൽ ഗുരുവായൂരിൽ മൂന്ന് നേരം തൊഴാൻ പറ്റ്വോ?
രാവിലെ നേർത്തെ ദർശനത്തിന് പുറപ്പെട്ടു. 7.15ന് ഭഗവദ് സന്നിധിയിൽ എത്തി. തിരക്കോട് തിരക്ക്. ക്യൂ ഏകദേശം മഞ്ജുളാൽ വരെ! ഭഗവതി അമ്പലം വഴി അകത്തു കയറി. എന്ത് വേണ്ടൂ എന്ന് ചിന്തിച്ച് ഞങ്ങൾ നിൽപായി. അതിനിടയിൽ ഒരു വീതി കുറഞ്ഞ ഒരു enclosure ന്റെ മുമ്പിൽ കുറച്ചു പേർ നിൽക്കുന്നു. അവരിൽ ഒരു സ്ത്രീയോട് എന്റെ വാമഭാഗം ചോദിച്ചു: ”ഇത് ആർക്കുള്ള ക്യൂവാ?” ദേവസ്വക്കാർക്കുള്ളതാണ് എന്ന് ആ സ്ത്രീ പറഞ്ഞു. എന്തായാലും അവിടെ നിൽക്കുക തന്നെ. GD എന്ന വേഷ്ടി ധരിച്ച ഒരാൾ ആദ്യം ഞങ്ങളെ കടക്കാൻ സമ്മതിച്ചില്ല. പിന്നീട് എന്തു കൊണ്ടോ ഞങ്ങളോടും കടന്നോളാൻ പറഞ്ഞു. കേട്ട പാതി ഞങ്ങൾ അകത്തു കയറി സസുഖം തൊഴുതു. മേൽശാന്തിയെക്കണ്ട് നിവേദ്യം കഴിക്കാൻ തരാവുമോ എന്ന് ചോദിച്ചു. അദ്ദേഹം ഞങ്ങളോട് 12.30 യോടെ അദ്ദേഹത്തിന്റെ മുറിയിലേക്കു വരാനും പറഞ്ഞു.
ഉച്ചക്ക് രണ്ടാമത് തൊഴാൻ ചെന്നപ്പോൾ അനന്തമായ മനുഷ്യ സാഗരം! ഹതാശരായി. അപ്പോൾ ഒരു കൊച്ചു പയ്യൻ വന്ന് ഞങ്ങളോട് ചോദിച്ചു: ”ദർശനം കഴിഞ്ഞോ?” ഇല്ല എന്ന് ഞങ്ങൾ പറഞ്ഞു. ”ഒരാൾക്ക് വേണമെങ്കിൽ എന്റെ കൂടെ വരാം. എന്റെ കയ്യിൽ 1000 രൂപയുടെ ടിക്കറ്റ് രണ്ടെണ്ണമുണ്ട്.” എന്റെ ഭാര്യയുടെ കണ്ണു നിറഞ്ഞു. ആ കുട്ടിയെ അനുഗ്രഹിച്ച് എന്റെ ഭാര്യ അയാളുടെ കൂടെ അകത്ത് കയറി തൊഴുതു. ആ കുട്ടി1000 രൂപയുടെ രണ്ടു ടിക്കറ്റ് എന്തിനു വാങ്ങി എന്നതിന് ഉത്തരം കാണാൻ ഇതു വരെ പറ്റിയിട്ടില്ല. ഒരു പക്ഷെ ദൈവദൂതനായി പ്രത്യക്ഷപ്പെട്ടതായിരിക്കാം.
മേൽശാന്തിയുടെ മുറിയിൽ നിന്ന് ഭഗവാന്റെ സദ്യയുണ്ടു. കാളൻ, എലിശ്ശേരി, നെയ്യിൽ വറുത്ത കായ വറുത്തത്, തൃമധുരം, ശർക്കരപ്പായസം, കലക്കി പ്രഥമൻ, പഞ്ചാരപ്പായസം!!!
വൈകുന്നേരം 4.30ക്ക് നടതുറക്കും. 4 മണിക്ക് മുമ്പെത്തന്നെ അമ്പലത്തിലെത്തി 5.30 മണിയോടെ തൊഴുതിറങ്ങി.
മൂന്നു നേരം തൊഴാൻ സാധിച്ചത് ഗുരുവായൂരപ്പന്റെ ദൂതരായ രണ്ടു പേർ കാരണമാണ് എന്ന് എന്റെ പത്നി ഉറച്ചു വിശ്വസിക്കുന്നു.
ഹന്ത ഭാഗ്യം ജനാനാം.🙏🙏🙏