ഒരു വീട്ടിക്കഥ

ഒന്നര ഏക്കർ പറമ്പ്, മദ്ധ്യത്തിൽ ഒരു പഴയ വീട്. ആ വീട്ടിലെ ഏക അന്തേവാസി കല്യാണ്യമ്മ. പറമ്പിൽ തേക്ക്, വീട്ടി, ഇരുമുള്ള് എന്നീ മരങ്ങൾ.

ഒരു ദിവസം അന്തോണ്യേട്ടൻ എന്ന മരക്കച്ചവടക്കാരൻ കല്യാണ്യമ്മേടെ വീടിനടുത്തുള്ള റോഡു വഴി കാറിൽ യാത്ര ചെയ്യുകയായിരുന്നു.

അന്തോണ്യേട്ടൻ ഡ്രൈവനോട്
”ഡാ, എർപ്പായീ, ആ പറമ്പ്ൻ്റെ തെക്ക്വോർത്ത് നിക്കണ മരം വീട്ട്യല്ലേടാ?”

”അതേട്ടാ…. നല്ല മൂത്ത വീട്ട്യാ.”

”വണ്ടി നിർത്തടാ.”

എർപ്പായി വണ്ടി നിർത്തി.

അന്തോണ്യേട്ടൻ നേരെ വീട്ടിലേയ്ക്ക്. കുശലത്തിന് ശേഷം കാര്യത്തിലേക്ക് കടന്നു.

”കല്യാണ്യമ്മേ, ങ്ങടെ പറമ്പ്ൻ്റെ തെക്ക്വോർത്ത് നിക്കണ ഒരു മഞ്ഞപ്പാവുട്ടണ്ടലോ, അത് നിയ്ക്ക് തര്വോ? 300 രൂപ തരാം.”

ഒരു ചെറിയ വിലപേശലിന് ശേഷം 500 രൂപക്ക് ഉറപ്പിച്ചു. പുതിയ 500 ഒരു കറൻസി അന്തോണ്യേട്ടൻ കല്യാണ്യമ്മയ്ക്ക് കൊടുത്തു.

”ന്നാ അങ്ങനെ കല്യാണ്യമ്മേ.” അന്തോണ്യേട്ടൻ തൊഴുത് വണങ്ങി.

പത്തു മിനിറ്റിൽ 3 ലക്ഷം വില വരുന്ന വീട്ടി മുറിച്ച് അന്തോണ്യേട്ടൻ്റെ മരപ്പേട്ടയിലേക്ക് യാത്രയായി.

ഇതൊന്നുമറിയാതെ പാവം കല്യാണ്യമ്മ കിട്ടിയ 500 രൂപ നോട്ടും തലോടി ഇരുന്നു.

Leave a comment