ഭാരതത്തിൻ്റെ വാനമ്പാടി

ഭാഎം.എസ്.സുബ്ബലക്ഷ്മി. “വെങ്കടേശ സുപ്രഭാതം,” “ഭാവയാമി രഘുരാമം,” “രംഗപുര വിഹാര” എന്നീ ഗാന ശകലങ്ങൾ കേൾക്കാത്തവർ ഉണ്ടാവില്ല എന്നു തന്നെ പറയാം. നിഷ്ക്കളങ്കമായ ഭക്തിരസം വഴിഞ്ഞൊഴുകുന്ന മധുരതരമായ ശാരീരം കൊണ്ട് അനുഗ്രഹീതയായ ഭാരതീയ സംഗീതത്തിന്റെ ആശ്ചര്യം. എം.എസ്. സുബ്ബലക്ഷ്മിയെക്കുറിച്ച് പറയാൻ വിശേഷണങ്ങൾ നിഘണ്ഡുക്കളിൽ ഇല്ല. ഭാരതത്തിന്റെ ഏറ്റവും വലിയ സിവിലിയൻ പുരസ്ക്കാരമായ ഭാരതരത്നം, റാമോൺ മാഗ്സാസേ എന്നീ പുരസ്ക്കാരങ്ങൾക്ക് എന്തു കൊണ്ടും അർഹയാണ് എം.എസ്.

സുബ്ബലക്ഷ്മിയുടെ ലളിതമായ ആലാപന ശൈലി, കച്ചേരി അവതരണത്തിലെ പൂർണ്ണത (perfection), മികച്ച കാല പ്രമാണം, ഇവയെല്ലാം ഒത്തു ചേരുന്ന പദ്ധതി ഇന്നത്തെ സംഗീതജ്ഞർ പഠിക്കേണ്ടതാണ്. ശ്രുതി ശുദ്ധമായ സംഗീതമാണ് എം.എസിന്റേത്.

എം.എസ്.സുബ്ബലക്ഷ്മിയുടെ 2 കച്ചേരി (ലൈവ്) മാത്രമേ കേൾക്കാൻ ഭാഗ്യം ഉണ്ടായിട്ടുളളൂ. കേരള കലാമണ്ഡലത്തിൽ 1978 നവംബർ 9 ന് നടന്ന കച്ചേരിയാണ് ആദ്യം കേട്ടിട്ടുള്ളത്. കണ്ടദേവി അളഗിരിസ്വാമി (വയലിൻ), ഗുരുവായൂർ ദൊരൈ(മൃദംഗം) എന്നിവരാണ് പക്കവാദ്യം ഒരുക്കിയത്. ശങ്കരാഭരണത്തിൽ “അക്ഷയലിംഗ വിഭോ” എന്ന കൃതിയാണ്‌ main പാടിയത്. കച്ചേരി നടക്കുന്നതിനിടയിലാണ് മാതൃഭൂമി പത്രാധിപനായിരുന്ന കെ.പി.കേശവ മേനോന്റെ മരണ വാർത്ത അറിയുന്നത്. സുബ്ബലക്ഷ്മി അവസരോചിതമായി ജ്ഞാനപ്പാനയിലെ “കണ്ടു കണ്ടങ്ങിരിക്കും ജനങ്ങളെ” എന്ന ഭാഗം പാടുകയുണ്ടായി.

10 വർഷത്തിനു ശേഷം ഗുരുവായൂരിൽ (ഉത്സവകാലത്ത്) എം.എസിന്റെ കച്ചേരി കേൾക്കുവാൻ പോയത്, എന്റെ അമ്മാമന്റെ മകൻ ഒ.വി.നാരായണന്റെ കൂടെയാണ്. കണ്ടദേവി അളഗിരി സ്വാമിയും, ഗുരുവായൂർ ദൊരൈയും തന്നെയാണ് പക്കവാദ്യം വായിച്ചത്. തോടിയിലെ ദീക്ഷിതർ കൃതിയായ ‘ശ്രീകൃഷ്ണം ഭജ മാനസ” എന്ന കൃതിയാണ് main പാടിയത്.

പിന്നീട് ആ മഹാ സംഗീതജ്ഞയുടെ കച്ചേരി കേൾക്കാൻ സാധിച്ചില്ല. എങ്കിലും ആ ശുദ്ധ സംഗീതം ഇന്നും മനസ്സിൽ നിറഞ്ഞു നിൽക്കുന്നു.

ഞങ്ങളുടെ വീടിന്റെ അടുത്തള്ള അമ്പലത്തിൽ നിന്ന് എന്നും ആ മധുര ശബ്ദം കേൾക്കാറുണ്ട്. “വെങ്കടേശ സുപ്രഭാതം”…..

“ഒളി പടൈത്ത കണ്ണിനായ് വാ വാ വാ” എന്ന തമിഴ് ദേശഭക്തി ഗാനം ഒരുപാടു തവണ കേട്ടിട്ടുണ്ട്‌.

ഇന്നും ഭാരതം മുഴുവൻ ഓർത്തിരിക്കുന്ന ഒരു മഹാ സംഗീത പ്രതിഭയാണ് സുബ്ബലക്ഷ്മി.

എം.എസ്.സുബ്ബലക്ഷ്മിയ്ക്ക് ശതകോടി പ്രണാമം…..

Leave a comment