ഗ്രാമത്തിലെ ആർട്സ് & സ്പോർട്സ് ക്ലബ് വാർഷികം. ഗംഭീര പരിപാടികൾ. ഓട്ട മത്സരം മുതൽ മുച്ചീട്ട് കളി വരെ; നാടൻ പാട്ട് മുതൽ പുണ്യ പുരാണ നാടകം വരെ.
നാടകം – പ്രഹ്ലാദചരിതം. നാടകകൃത്ത് “സർവ്വശ്രീ” ഗോപാലകൃഷ്ണൻ നായർ. ഹിരണ്യകശിപുവായി ചന്ദ്രൻ, ചന്ദ്രന്റെ മകൻ പ്രസൂൻ പ്രഹ്ലാദൻ. നരസിംഹമായി തടിയൻ പപ്പൻ.
സ്റ്റേജിൽ രണ്ട് തൂണ്. ഇടത്തെ തൂണിന് പുറകിൽ നരസിംഹം ഒളിച്ചിരിപ്പുണ്ട്.
നാടകം തുടങ്ങി.
പ്രഹ്ലാദൻ: “നാരായണായ നമ : നാരായണായ നമ:”
ഹിരണ്യകശിപു (ക്രുദ്ധനായി): “ഛായ്.. ഹിരണ്യന്റെ നാട്ടിൽ നാരായണ നാമമോ? ഹിരണ്യ നാമം ചൊല്ലാൻ നാം കല്പിച്ചതല്ലേ?”
ഇതൊന്നും ചെവിക്കൊള്ളാതെ പ്രഹ്ലാദൻ നാരായണ നാമം ഉരുവിട്ടു കൊണ്ടേയിരുന്നു.
ഹിരണ്യകശിപു: “എവിടെ നിന്റെ നാരായണൻ??”
പ്രഹ്ലാദൻ: “എല്ലായിടത്തുമുണ്ട്. തൂണിലുണ്ട്, തുരുമ്പിലുണ്ട്….”
പെട്ടെന്ന് ഹിരണ്യകശിപുവായ ചന്ദ്രൻ, ഏത് തൂണിലാണ് നരസിംഹം ഒളിച്ചിരിക്കുന്നത് എന്ന കാര്യം മറന്നു!!! എന്ത് ചെയ്യും? എന്തെങ്കിലുമാവട്ടെ… വന്ന പാട് ചന്തം….
ഹിരണ്യകശിപു (വലത്തെ തൂണ് ചൂണ്ടിക്കൊണ്ട് ): “ഈ തൂണിലുണ്ടോ?”
പ്രഹ്ലാദൻ (സംശയലേശമെന്യേ, ഇടത്തെ തൂണ് ചൂണ്ടിക്കൊണ്ട്): “ഇല്ല… ഇതിലുണ്ട്.”
എല്ലാ തൂണിലും തുരുമ്പിലുമുള്ള നാരായണൻ, ഇടത്തെ തൂണിൽ നിന്ന് പുറത്തു വരികയും, ഹിരണ്യകശിപുവിനെ വധിക്കുകയും ചെയ്തു.
സമാപ്തം🙏🙏