“തേവാരം” എന്നാൽ ദൈവത്തിനെ പ്രകീർത്തിച്ചുള്ള ഗാനങ്ങളുടെ ഒരു ഹാരം എന്നാണ് അർത്ഥം.
തമിഴ്നാട്ടിലെ ശൈവ ഭക്തരായ തിരുജ്ഞാന സംബന്ധനാർ, അപ്പർ, സുന്ദരർ എന്നിവരാണ് തേവാരം എന്ന രൂപമുണ്ടാക്കിയത്. അർത്ഥ സമ്പുഷ്ടമായ വരികളും, ശ്രവണ സുഖമുള്ള സംഗീതവുമാണ് തേവാരത്തിന്റെ പ്രത്യേകത!
തേവാരത്തിലെ ഗാനങ്ങൾ തമിഴ് സംഗീതത്തിലെ “പൺ” (കർണ്ണാടക സംഗീതത്തിലെ രാഗം) അടിസ്ഥാനപ്പെടുത്തിയാണ് ചിട്ടപ്പെടുത്തിയിട്ടുള്ളത്. തേവാരത്തിൽ 23 പണ്ണുകളാണ് ഉപയോഗിച്ചിട്ടുണ്ട്. ഇവയിലെ “ശെവ്വഴിപ്പൺ” (യദുകുലകാംബോജി) തിരുജ്ഞാന സംബന്ധനാറാണ് തേവാരത്തിൽ ഉപയോഗിച്ചു തുടങ്ങിയത്. അപ്പർ രചിച്ച തേവാരങ്ങൾ തിരുത്താണ്ടഗം, തിരുനേരിസൈ, തിരുവിരുത്തം മുതലായവയാണ്. സുന്ദരരാണ് “ചെന്തുരുത്തിപ്പൺ” (മദ്ധ്യമാവതി) തേവാരത്തിൽ കൊണ്ടു വന്നത്.
ഈ മൂന്നുപേർ എഴുതിയ ഓരോ തേവാരങ്ങൾ:
“തോഡുഡയ സെവിയൻ” – നട്ടപ്പാടൈ പൺ (ഗംഭീര നാട്ട) സംബന്ധനാരുടെ തേവാരം.
“കൂട്രയിനവരു വിളക്കാകിലീർ – കൊല്ലി പൺ (നവരോസ്) അപ്പരുടെ തേവാരം.
“പിത്താ പിറൈ ശൂടി” – ഇന്ദളം പൺ (മായാമാളവഗൗള) സുന്ദരരുടെ തേവാരം.
വിസ്തരഭയത്താൽ ഇവിടെ നിർത്തുന്നു!


