ക്ലാസിലെ രണ്ട് മഹാ ഗായകരായിരുന്നു അച്ചുതനും, ഞാനും, അതായത്, മൂക്കില്ലാ രാജ്യത്തെ…….
മൈഥിലി ടീച്ചറായിരുന്നു ഞങ്ങളുടെ ക്ലാസ് ടീച്ചർ. പരമ ഭക്തശിരോമണി. നെറ്റിയിൽ ചന്ദന കുങ്കുമാദികൾ നിർല്ലോഭം തേച്ച് പിടിപ്പിച്ചിട്ടുണ്ടാവും.
ക്ലാസിന്റെ അവസാന 5 മിനിറ്റ് പാട്ട് പാടാൻ വേണ്ടിയുള്ളതാണ്. അച്ചുതനാണ് ആദ്യ ഗായകൻ. ടീച്ചറെ സോപ്പിടാൻ കൂപ്പുകൈകളോടെ “പാഹി മുകുന്ദ പരമാനന്ദ” എന്ന പാട്ട് പാടിത്തുടങ്ങുന്നതോടെ നമ്മുടെ ടീച്ചറമ്മ അർദ്ധനിമീലിതാക്ഷയായി ശ്രവിക്കും. പാട്ട് പാടിയ ശേഷം അച്ചുതന് രണ്ട് മിഠായി സമ്മാനമായി കൊടുക്കും.
അടുത്ത ഊഴം ഈയുള്ളവന്റേതാണ്. അക്കാലത്ത് ഹിറ്റായിരുന്ന “മാണിക്യവീണയുമായെൻ” എന്ന പാട്ട് ഞാൻ പാടും. ടീച്ചർ നിർവ്വികാരയായി ഒരൊറ്റ ഇരിപ്പാണ്. പാട്ട് കഴിഞ്ഞാൽ ഒരു മിഠായി തരും. രണ്ടു മിഠായി കിട്ടിയ അച്ചുതനോട് അതി കലശലായ അസൂയ തോന്നിയിട്ടുണ്ട്. ഇപ്പോൾ അതാലോചിയ്ക്കുമ്പോൾ ചിരി വരും.
ടീച്ചർ മരിച്ചിട്ടുണ്ടാവും, മരിച്ചിട്ടില്ല എങ്കിൽ ഇപ്പോൾ 112 വയസ്സായിട്ടുണ്ടാവും.
അച്ചുതൻ ഗൾഫിൽ ആയിരുന്നു എന്ന് മനസ്സിലാക്കിയിട്ടുണ്ട്.
ജീവിത സായാഹ്നത്തിൽ എന്തസൂയ, എന്ത് കുശുമ്പ് ……
എൻ.എൻ.കക്കാട് പറഞ്ഞ പോലെ
“കാലമിനിയുമുരുളും വിഷു വരും
വർഷം വരും തിരുവോണം വരും
പിന്നെയോരോ തളിരിലും പൂ വരും കായ് വരും
അപ്പോൾ ആരെന്നുമെന്തെന്നുമാർക്കറിയാം!!”