സ്ക്കൂൾ ഓർമ്മകൾ

സ്ക്കൂൾ അസംബ്ലി ഗ്രൗണ്ട്. വരിവരിയായി ഓരോ ക്ലാസുകാരും നിൽക്കുന്നു.

“പ്രെയർ.” ഹെഡ് മാസ്റ്റർ പിഷാരോടി മാഷിന്റെ പരുപരുത്ത, പരുഷ ശബ്ദം.

സ്ഥിരം പ്രാർത്ഥനാ ഗായക സംഘം – തോമസ് ഫെൻ, എൻ.രാജഗോപാലൻ, ഞാൻ – ഹെഡ് മാഷിന്റെ തൊട്ടു മുമ്പിൽ നിന്ന് പ്രാർത്ഥന പാടും.

ഞങ്ങളുടെ സ്ക്കൂളിലെ കായികാധ്യാപകനായിരുന്ന ജനാർദ്ദനൻ മാഷ് സംഗീതം നൽകിയ മൂന്ന് പാട്ടുകളാണ് സ്ഥിരം പാടുക.
– തന്തിരുവടി
– വരൂ നവ നവാകാരം
– കരളിലും കരളായി ജനാർദ്ദനൻ മാഷ് ഒരു നല്ല സംഗീതജ്ഞനായിരുന്നു. ക്ലാരിനെറ്റ്, പുല്ലാങ്കുഴൽ, തബല എന്നീ വാദ്യങ്ങളിൽ പ്രവീണനായിരുന്നു. ലളിത ഗാനങ്ങൾ നന്നായി ട്യൂൺ ചെയ്തിരുന്നു.

മാഷ് ഇന്നില്ല. പക്ഷെ മാഷ് ചിട്ടപ്പെടുത്തിയ ഈ പ്രാർത്ഥനകൾ ഇന്നും മറന്നിട്ടില്ല. പലർക്കും പഠിപ്പിച്ചു കൊടുത്തിട്ടുമുണ്ട്.

ഗായക സംഘത്തിലെ തോമസ് ഫെൻ കോട്ടയത്തടുത്താണ് താമസം. എൻ.രാജഗോപാലൻ തൃശൂരും. ഏതാണ്ട് 50 കൊല്ലമായി ഇവരെ കണ്ടിട്ട്. തോമസിനോട് WhatsApp വഴി സംസാരിയ്ക്കാറുണ്ട്!

എല്ലാവരെയും ഒന്നു കാണണം, സംസാരിയ്ക്കണം.

“വരും കൊല്ലമാരെന്നും എന്തെന്നുമാർക്കറിയാം.”

Leave a comment