വീണ്ടും പഴംപുരാണം😊
മച്ചാട് ഹൈസ്ക്കൂളിൽ ഒരു ഡാൻസ് പ്രോഗ്രാം. പലക കൊണ്ട് നിർമ്മിച്ച ഒരു താൽക്കാലിക സ്റ്റേജ്. ക്ലാരിനെറ്റ് വായിക്കാൻ മൈക്കിൾ, തബലിസ്റ്റ് കുമാരേട്ടൻ, ഹാർമോണിസ്റ്റ് തമ്പി വർഗ്ഗീസ്, വയലിനിസ്റ്റ് ഈയുള്ളവനും. സ്റ്റേജിന്റെ വലതു വശത്ത് ഏകദേശം നടുവിലായി കുമാരേട്ടനും, തമ്പിയും, ഞാനും ഇരിപ്പുറപ്പിച്ചു. സ്റ്റേജിന്റെ പലകയുടെ അറ്റത്തായി കസേരയിൽ മൈക്കിളും.
ഒരു പെൺകുട്ടി “കാളിയമർദ്ദനം” എന്ന നൃത്തം അവതരിപ്പിയ്ക്കുകയാണ്. ഞങ്ങളെല്ലാവരും ഞങ്ങളുടെ പ്രവൃത്തിയിൽ വ്യാപൃതർ.അപ്പോഴാണ് ഞങ്ങളുടെ പുറകിൽ നിന്ന് ഒരു ഘോര ശബ്ദം കേൾക്കുന്നത്. തിരിഞ്ഞു നോക്കി. മൈക്കിളിനെ കാണാനില്ല!!!
സംഭവം ഇങ്ങനെ: സ്റ്റേജിന്റെ വക്കത്തിരിയ്ക്കുന്ന മൈക്കിളിന്റെ കസേരയിൽ പിടിച്ച് ഒരു ഡാൻസ് ടീച്ചർ എത്തി നോക്കി. കസേരയിലെ പിടുത്തത്തിന് ശക്തി അല്പം കൂടിയോ എന്നാരു സംശയം. ടീച്ചറും മൈക്കിളും “ചടപട ധീം” എന്ന് ഭൂമിയിലേയ്ക്ക്!!!
എന്തിനേറെ, നൃത്തമാടിയിരുന്ന “ശ്രീകൃഷ്ണൻ” പോലും സ്തബ്ധയായി കാളിയമർദ്ദനം നിർത്തി!